top of page
Search
  • Writer's pictureJudy Thomas

Madhamedhayalum Tourism Nannayal Madhi!

Updated: Jun 5, 2019

This article was published in Dhanam Business Magazine.

മതമേതായാലും ടൂറിസം നന്നായാൽ മതി

ലോകം മുഴുവൻ ഗ്ലോബലൈസേഷന്റെ ഗുണഫലങ്ങൾ ചർച്ചചെയ്യുകയും ഇന്ത്യയും ഇന്തോനേഷ്യയും അടക്കം BRICS രാജ്യങ്ങൾ അല്പം നല്ല സാമ്പത്തിക വളർച്ച കൈവരിക്കുകയും ചെയ്ത് സമയത്താണ് ബ്രിട്ടനിൽ നിന്ന് (ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത കോളനികളുടെ കുലപതിയായിരുന്ന) protectionism ത്തിന്റെ ആദ്യവെടി പൊട്ടുന്നത്. തങ്ങൾ മറ്റുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെക്കാൾ കേമന്മാർ ആണെന്നും വേറിട്ടു നിന്നാൽ വളരെയേറെ വളരാം എന്നും അവർ 2016 ൽ ഒരു referandum ത്തിലൂടെ തീരുമാനമെടുത്തു. മൂന്നുവർഷത്തെ കൂലംകഷമായ ചർച്ചകൾക്കൊടുവിൽ എങ്ങുമെത്താതെ അനിശ്ചിതത്വത്തിന്റെ അവസാനവാക്കായി Brexit ഇന്ന് ലോകത്തിനുമുന്നിൽ തലകുനിച്ചു നിൽക്കുമ്പോൾ ചരിത്രം ആ രാജ്യത്തോട് ചെയ്യുന്ന പ്രതികാരം പോലെ ആർക്കെങ്കിലും തോന്നിയാൽ അൽഭുതപ്പെടാനില്ല.

Donald Trump അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി വൈറ്റ് ഹൗസിൽ വന്നപ്പോഴാണ് പ്രൊട്ടക്ഷനിസം ലോകം മുഴുവൻ മുഴങ്ങിക്കേട്ടത് .ലോക സമ്പത്ത് വ്യവസ്ഥയുടെ മൂന്നിലൊന്നും ഒറ്റയ്ക്ക് കയ്യാളുന്ന ഒരു രാജ്യം ,അവിടത്തെ ഭരണക്രമം വലിയ അധികാരങ്ങൾ നൽകുന്ന ഒരു പ്രസിഡൻറ് ,എന്തിലും ഏതിലും അമേരിക്കക്കാർ മുൻപിൽ ആകണമെന്ന ഒരു അജണ്ടയുമായി ഭരണം നടത്തുമ്പോൾ പട്ടിണിപ്പാവങ്ങളായ ഇരുന്നൂറിലധികം രാജ്യങ്ങൾ ഗ്ലോബലൈസേഷന്റെയും പ്രൊട്ടക്ഷനിസത്തിന്റെയും നടുവിൽ അന്തംവിട്ടു നിൽക്കുകയാണ്. ചൈനയുമായി ട്രേഡ് വാർ ,മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ കോപ്പുകൂട്ടുന്നു ,കാനഡയെ തെറി വിളിക്കുന്നു ,യൂറോപ്യൻ യൂണിയനെ കൊഞ്ഞനം കുത്തുന്നു ,ഇറാന്റെയും വെനിസുല യുടെയും നേരെ വാളെടുത്ത ട്രംപ് അരിയും തിന്നു ആശാനേയും കടിച്ചു എന്നിട്ടും മതി വരാതെ ഇപ്പോൾ ഇന്ത്യക്കും ടർക്കിക്കും നേരെ കാഹളം മുഴക്കിയിരിക്കുകയാണ്.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർച്ച പ്രാപിക്കുന്നതാണ് വ്യോമ ഗതാഗത മേഖല. അനന്തസാധ്യതകൾ തുറന്നിടുന്നതിനോടൊപ്പം അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ ഈ മേഖലയിലും കാണാം. ഉയർന്ന ഇന്ധനവിലയും പ്രവർത്തന ചിലവുകളും മൂലം എയർലൈൻസുകളെല്ലാം അത്ര നല്ല സാമ്പത്തികസ്ഥിതിയിൽ അല്ല .എയർ ഇന്ത്യ privaitasation ഉദ്ദേശിച്ചപോലെ ലക്ഷ്യം കണ്ടില്ല . ഇത് നമ്മുടെ മാത്രം കാര്യമല്ല , UAE യുടെ എത്തിഹാദ് എയർലൈൻസ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഏകദേശം 33,000 കോടിരൂപയോളം നഷ്ടം വരുത്തി .ലോകത്തിലെ ഏറ്റവും വലിയ വിമാനമായ A380 യുടെ ഉൽപാദനം നിർത്തിയതു മൂലം യൂറോപ്പിലെ എയർബസ് കമ്പനിയും തുടരെത്തുടരെ അപകടങ്ങളിലൂടെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന അമേരിക്കയിലെ ബോയിങ് കമ്പനിയും പ്രശ്നങ്ങളുടെ നടുക്കടലിൽ ആണ് . ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ കേന്ദ്രസർക്കാർ ആറ് വിമാനത്താവളങ്ങൾ കൂടി privatise ചെയ്യുന്നു ,നിയതമായ നിയമങ്ങളനുസരിച്ച് ടെൻഡർ വിളിക്കുന്നു ,തിരുവനന്തപുരത്ത് സർക്കാർ KSIDC യിലൂടെ ടെൻഡറിൽ പങ്കെടുക്കുന്നു ഒരു സർക്കാർ ടെൻഡറിന്റെ അടവുനയങ്ങൾ എല്ലാം ഉണ്ടെങ്കിലും അവസാനം നമ്മൾ കോടതിയെ അഭയം തേടുമ്പോൾ കേരളവും ഒരു പ്രൊട്ടക്ഷനിസത്തിന്റെ സ്വഭാവം കാട്ടുന്നുണ്ടോ? ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന നഗരമാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസ് .കഴിഞ്ഞവർഷം 9 കോടിയോളം സഞ്ചാരികൾ ആ നഗരത്തിൻറെ സൗന്ദര്യം നുകരുവാൻ എത്തിയതായി കണക്കുകൾ . ഇപ്പോൾ കയ്യിൽ അല്പം ചക്രമുള്ള ചൈനക്കാർ ആണത്രേ ലോക സഞ്ചാരികളിൽ ഏറ്റവും കൂടുതൽ. ഇന്ത്യയുടെ ആഭ്യന്തര ടൂറിസം വികസിപ്പിച്ചില്ലെങ്കിൽ സായിപ്പ് നമ്മുടെ നാട്ടിൽ വരില്ലെന്ന് മാത്രമല്ല നമ്മുടെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങൾ ചുറ്റിയടിച്ചു പണമെല്ലാം അവിടെ ചിലവഴിക്കും .ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഗുജറാത്തിൽ സ്ഥാപിച്ചതിനെ ചിലർ രാഷ്ട്രീയ ലാക്കോടെ വിമർശിക്കുന്നത് കണ്ടു ,ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഇങ്ങനെയുള്ള സംരംഭങ്ങൾ നമുക്ക് അനിവാര്യമാണ് .ഇന്ത്യയിലെ താജ്മഹൽ കണ്ട് സായിപ്പിന് മടുത്തു ,പുതുമയുള്ള എത്രയോ ടൂറിസം attraction ന് സാധ്യതയുള്ള നാടാണ് നമ്മുടേത്.

കേരളത്തിൽ ഒരു റിലീജിയസ് ടൂറിസത്തിന് നല്ല സാധ്യതയുണ്ട് .നാനാജാതിമതസ്ഥർ ഒരുമയോടെ കഴിയുന്ന ഒരിടം ,മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിൻറെ നാട് ,പ്രളയകാലത്ത് മതത്തിനപ്പുറം മാനവികത ഉയർത്തിപ്പിടിച്ച കേരള നാട്. ഒരു 1000 കോടി ചെലവാക്കി ലോകത്തിലെ ഏറ്റവും വലിയ ഒരു ക്രിസ്ത്യൻ പള്ളി നമുക്ക് ഇവിടെ പണിതാലോ? സഭയുടെ സമീപകാല ഭൂമിയിടപാടുകൾ വെളിച്ചത്തു വരുമ്പോൾ മുകളിൽ പറഞ്ഞ തുക ഒക്കെ സമാഹരിക്കാൻ സഭക്ക് കഴിവുണ്ടെന്ന് ഏതു വിശ്വാസിക്കും അറിയാം. ലോകത്തുള്ള സകല ക്രിസ്ത്യാനികളും പള്ളി കാണാൻ ഇവിടെ എത്തും ,അക്രൈസ്തവരും കൗതുകം കൊണ്ട് പള്ളി തേടി എത്തും, പള്ളി കാണാൻ ടിക്കറ്റ് ഏർപ്പെടുത്താം, കേരളത്തിലെ അൻപതോളം ധ്യാനകേന്ദ്രങ്ങളും ആയി സഹകരിച്ച് പള്ളി കാണാൻ വരുന്ന ടൂറിസ്റ്റുകൾക്ക് താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം തരപ്പെടുത്താം ,പെരുന്നാളും വെടിക്കെട്ടും വഴിപാടും പ്രദക്ഷിണവും നടത്തി നമുക്ക് സന്ദർശകർക്ക് ഒരു ദൈവീക അനുഭവം പകരാം.

അൽപസ്വൽപം രാഷ്ട്രീയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കിയെങ്കിലും ശബരിമലയെ pan India level ഇൽ position ചെയ്യാൻ നമുക്ക് സാധിച്ചു . ഇനി നമ്മുടെ സർക്കാരുകളും ദേവസ്വംബോർഡും ഒത്തുപിടിച്ചാൽ മഹാരാഷ്ട്രയിലെ Shirdi ക്ഷേത്രത്തിനെയും തിരുപ്പതിയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിനേയും മറികടന്ന് ഇന്ത്യയിലെ ഒന്നാമത്തെ തീർത്ഥാടനകേന്ദ്രം ആകാൻ ശബരിമലയ്ക്ക് കഴിയും . സ്വർണ്ണം കൊണ്ട് തുലാഭാരം നടത്താൻ കാത്തുനിൽക്കുന്ന വ്യവസായികൾ ഉള്ള നമ്മുടെ നാട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ബുദ്ധിപരമായി പ്രവർത്തിച്ചാൽ സ്പോൺസർഷിപ്പ് ഒരു പ്രശ്നമേ അല്ല .ആറന്മുളയിൽ വിമാനത്താവളം വരട്ടെ ,ശബരി റെയിൽ പദ്ധതി ഊർജ്ജസ്വലം ആകട്ടെ ,വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന തീർത്ഥാടനകേന്ദ്രമായി ശബരിമല മാറട്ടെ. ലോകത്ത് ഇന്ത്യനേഷ്യ കഴിഞ്ഞാൽ ഏറ്റവും വലിയ മുസ്‌ലിംസമൂഹം ഇന്ത്യയിലാണ് .പാണക്കാട് തങ്ങൾമാർ തങ്ങളുടെ മജ്ലിസിൽ നമ്മുടെ ഗൾഫ് മലയാളി വ്യവസായികളുമായി ഒന്നു കൂടിയാലോചിച്ചാൽ അങ്ങ് അബുദാബിയിലെ പോലെ പേർഷ്യൻ ശില്പ ചാതുരി വിളങ്ങി നിൽക്കുന്ന ഒരു വലിയ മോസ്ക് ഇങ്ങ് കോഴികോടോ മലപ്പുറത്തോ നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ .നമ്മുടെ പട്ടാമ്പി ,കാഞ്ഞിരമറ്റം ആണ്ടുനേർച്ചകൾ അല്പം ആഘോഷം കൂട്ടിയാൽ അതൊക്കെ കാണാൻ അത്തറു മണക്കുന്ന അറബികൾ എത്തും. തൃശ്ശൂർ പൂരവും ആറ്റുകാൽ പൊങ്കാലയും കേരളത്തിലെ മറ്റു പ്രധാന ആഘോഷങ്ങളും ചേർത്ത് നമുക്കൊരു റിലീജിയസ് ടൂറിസം കലണ്ടർ പ്രസിദ്ധീകരിക്കാം


5 views0 comments

Comments


bottom of page